Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, August 21, 2020

ഓണ്‍ലൈന്‍ പഠനസംവിധാനം - അവലോകന റിപ്പോര്‍ട്ട്‌

 മലപ്പുറം ജില്ലയിലെ തീരദേശത്തിന്റെ വലിയൊരുഭാഗത്തെ ഉള്‍ക്കൊള്ളുന്ന ഉപജില്ലയാണ് താനൂര്‍. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന ജനസമൂഹമാണ് ഈ പ്രദേശത്തിലെ ഭൂരിപക്ഷം. 8 ഗ്രാമപഞ്ചായത്തുകളിലും 1 നഗരസഭയിലുമായി 95 വിദ്യാലയങ്ങളുണ്ടിവിടെ.  അരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയങ്ങളിലായി പഠിക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാനാവാത്ത പരിതസ്ഥിതിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ ആശങ്കയാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. ഉപജില്ലയിലെ രണ്ടായിത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലായെന്ന വസ്തുതയാണ് ഈ ആശങ്കകള്‍ക്കു കാരണം. 

പ്രശ്നപരിഹരണത്തിനായി മെയ് മാസത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും സന്നദ്ധ സംഘടനകളേയും സഹകരിപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റേയും എസ്.എസ്.കെ യേയും ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി 

വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് സമഗ്രമായ വിവരശേഖരണം നടത്തി.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പഠിതാക്കളുടെ പേര്, വിലാസം, അവര്‍ താമസിക്കുന്ന തദ്ദേശസ്വയംഭരണ പ്രദേശം തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി.

മെയ് അവസാന വാരത്തിനകം രണ്ടു തവണ പി.ഇ.സി യോഗങ്ങള്‍ ചേര്‍ന്ന് പിന്തുണാസംവിധാനങ്ങള്‍ ആസൂത്രണം ചെയ്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉപജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഓണ്‍ലൈന്‍ പഠസൗകര്യം ഒരുക്കാന്‍ സാധിക്കുന്ന പൊതു ഇടങ്ങള്‍ കണ്ടെത്തി. 

അംഗണ്‍വാടികള്‍, വായനശാലകള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, മദ്രസ്സകള്‍ എന്നീ വിഭാഗത്തില്‍ പെടുന്ന 120 കേന്ദ്രങ്ങള്‍ കണ്ടെത്തി.

ഈ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വീക്ഷിക്കാന്‍ ഇതിനകം സൗകര്യമുള്ളവ വളരെ കുറവാണെന്ന് കണ്ടെത്തി. 

ശേഷിക്കുന്നവയില്‍ സൗകര്യമേര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അധ്യാപക സംഘടനകള്‍, സന്നദ്ധസംഘടകള്‍, വിദ്യാലയങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ 87 കേന്ദ്രങ്ങളില്‍ ടെലിവിഷന്‍ സെറ്റുകളും കേബിള്‍ കണക്ഷനുകളും ഏര്‍പ്പെടുത്തി. 

ശേഷിക്കുന്ന കേന്ദ്രങ്ങളില്‍ 14 എണ്ണത്തില്‍ എസ്.എസ്.കെ അനുവദിച്ച ഫണ്ട് ഉപയോഗിച്ചും 19 കേന്ദ്രങ്ങളില്‍ വ്യവസായ വകുപ്പിന്റെ പിന്തുണയോടെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലും ടെലിവിഷന്‍ സെറ്റുകള്‍ ഒരുക്കി.

കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള സംവിധാനങ്ങള്‍ പഠന കേന്ദ്രങ്ങളിലൊരുക്കി. സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിട സൗകര്യങ്ങള്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ എല്ലാ പഠന കേന്ദ്രങ്ങളിലുമൊരുക്കി.

ജൂണ്‍ 1 ട്രയല്‍ ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ പകുതിയിലേറെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി പ്രവര്‍ത്തനമാരംഭിക്കുകയും ജൂണ്‍ പതിനഞ്ചോടെ 120 കേന്ദ്രങ്ങളും പ്രവര്‍ത്തനമാരംഭിച്ചു.

കേബിള്‍ കണ്ക്ഷന്‍ ഇടയ്ക്കിടെ നഷ്ടപ്പെടുക, വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങള്‍ തുടക്കത്തിലുണ്ടായി. ഇത് പരിഹരിക്കാന്‍ വിദ്യാലയങ്ങളിലുള്ള ലാപ്പ് ടോപ്പുകള്‍ ഏറ്റു വാങ്ങി പഠനകേന്ദ്രങ്ങളില്‍ വിന്യസിച്ചു.

ക്ലാസ്സുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആ വീഡിയോ പഠനകേന്ദ്രങ്ങളിലേക്ക് എത്തിക്കാനും ബി.ആര്‍.സി കേന്ദ്രീകരിച്ച് സംവിധാനമൊരുക്കി. ഓണ്‍ലൈന്‍ പഠനസൗകര്യത്തില്‍ തടസ്സമുണ്ടാകുമ്പോള്‍ ഈ വീഡിയോ ശേഖരം ഉപയോഗിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ കാണാന്‍ സൗകര്യമേര്‍പ്പെടുത്തി.

എല്ലാ പഠനകേന്ദ്രങ്ങളിലേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് തൊട്ടടുത്തള്ള വിദ്യാലയങ്ങളിലെ അധ്യാപകരെ ഉപയോഗിച്ച് മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി.

പഠനകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വാര്‍ഡ് ജനപ്രതിനിധി, പ്രദേശത്തെ സാംസ്‌ക്കാരിക സാമൂഹ്യ സംഘടനകള്‍ എന്നിവരുള്‍പ്പെടുന്ന പിന്തുണാസംവിധാനം ഏര്‍പ്പെടുത്തി.

പഠനകേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠന പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരുടെ നേതൃത്വത്തില്‍ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുകയും കേന്ദ്രങ്ങളിലെത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ബി.പി.സി, ട്രൈനര്‍മാര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നിരന്തരം കേന്ദ്രങ്ങളിലെത്തുകയും പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. 

നേരത്തെ ഓണ്‍ലൈന്‍ പഠസൗകര്യമില്ലാത്തവരില്‍ ഇരുപത് ശതമാനം പേര്‍ക്ക് ഈ കാലയളവിനുള്ളില്‍ വീടുകളില്‍ തന്നെ പഠനസൗകര്യം സ്വയം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. 

1643 പേര്‍ ഇപ്പോള്‍ പഠനകേന്ദ്രങ്ങളിലെത്തുന്നുണ്ട്. രജിസ്റ്റര്‍ ചെയ്തവരില്‍ 95 ശതമാനം പേരും ദിവസവും ക്ലാസ്സുകള്‍ വീക്ഷിക്കാനെത്തുന്നുണ്ട്.

പല കാരണങ്ങളാല്‍ ദിവസവും കഴിയാത്തവര്‍ക്ക് ഓഫ് ലൈന്‍ ക്ലാസുകള്‍ കാണാന്‍ അവസരമൊരുക്കുന്നുണ്ട്.

താനൂര്‍ എം എല്‍ എ , മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഡണ്ട് ,മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ , മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ , പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ എന്നിവര്‍ നിരന്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമായ പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കുന്നു എന്ന് ഉറപ്പു വരുത്തുകയും , വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ജനപ്രതിനിധികള്‍ സജീവമായി ഈ പ്രവര്‍ത്തനം ഏറ്റെടുത്തതിനാല്‍ തീരദേശ മേഖലയായ താനൂരിലെ ഓണ്‍ലൈന്‍ പഠന സൗകര്യം വീടുകളില്‍ ഇല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകര്‍ കാണുന്നതിനും അദ്ധ്യാപക പിന്തുണാ സംവിധാനം ലഭ്യമാകുന്നതിലൂടെ അവര്‍ക്ക് വിദ്യാഭ്യാസ പരമമോ , സാമൂഹ്യപരമായതോ ആയ ഒരു വിടവ് അഭവപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്താനും താനൂരില്‍ കഴിയുന്നുണ്ട്.


1 comment:

  1. അഭിനന്ദനീയം,അഭിമാനാർഹം..

    ReplyDelete