Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, August 26, 2020

പഠനപിന്തുണാ സംവിധാനം - ഒരു താനൂര്‍ മാതൃക


കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ പഠനപദ്ധതിയായ ഫസ്റ്റ് ബെല്‍ പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പഠനപിന്തുണ നല്‍കുന്നതിനായി വിപുലമായ സംവിധാനമാണ് താനൂര്‍ ബി.ആര്‍.സി ക്ക് കീഴില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായി എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള ഉപജില്ലയിലെ എല്ലാ അധ്യാപകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് വാട്‌സാപ്പ് കൂട്ടായ്മകള്‍ ജൂണ്‍ അവസാനവാരത്തോടെ രൂപീകരിച്ചു. ഇങ്ങനെ ക്ലാസ്സ് തലത്തിലും വിഷയാടിസ്ഥാനത്തിലുമായി രൂപീകരിക്കപ്പെട്ട അമ്പതിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളിപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


അധ്യാപകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്‍.പി മാരും ബി.ആര്‍.സി പ്രതിനിധികളും ചേര്‍ന്നാണ് ഈ കൂട്ടായ്മകളെ നിയന്ത്രിക്കുന്നത്. ഇതിനാവശ്യായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ആര്‍.പിമാര്‍, ബി.ആര്‍.സി പ്രതിനിധികള്‍, ഉപജില്ലയിലേയും വിദ്യാഭ്യാസ ജില്ലയിലേയും ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉപജില്ലാതല വിദ്യാഭ്യാസ കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നുണ്ട്. 


വിക്ടേഴ്‌സ് ചാനലില്‍ നടക്കുന്ന ഓരോ ക്ലാസ്സുകളുടേയും സംപ്രേഷണത്തിന് ശേഷം ആ വിഷയവുമായി ബന്ധപ്പെട്ട അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ക്ലാസ്സിനെക്കുറിച്ചും പഠനപിന്തുണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ച നടത്തും. ക്ലാസ്സിന്റെ മികവുകള്‍, പോരായ്മകള്‍, പഠനപിന്തുണാപ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ ഈ ചര്‍ച്ചയില്‍ എല്ലാ അധ്യാപകരും അവതരിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 

ഈ ചര്‍ച്ചകള്‍ക്കു ശേഷം ഗ്രൂപ്പില്‍ നിര്‍ദ്ദേശിക്കപ്പെട്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് എഡിറ്റ് ചെയ്ത് അവതരിപ്പിക്കാന്‍ സബ്ഗ്രൂപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സബ്ഗ്രൂപ്പുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതു ഗ്രൂപ്പില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. ഇങ്ങനെ നവീകരിക്കപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അധ്യാപകര്‍ കൂട്ടികള്‍ക്കായുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ല്‍കുന്നത്. 


ഫസ്റ്റ് ബെല്‍ ക്ലാസ്സുകളുടെ ചില പരിമിതികള്‍ (പ്രാദേശിക വഴക്കമില്ലായ്മ, പിന്നാക്കക്കാര്‍ക്കുള്ള  പ്രത്യേക പഠനനിര്‍ദ്ദേശങ്ങളില്ലായ്മ) പരിഹരിക്കുന്നതിന് പ്രാദേശികമായി വായനാസാമഗ്രികള്‍, വീഡിയോകള്‍, ഓഡിയോ പാഠങ്ങള്‍ എന്നിവയും അധ്യാപക കൂട്ടായ്മകള്‍ വഴി തയ്യാറാക്കുന്നുണ്ട്. അധ്യാപകര്‍ തയ്യാറാക്കുന്ന ഇത്തരം സാമഗ്രികള്‍ ഉപജില്ലാ ഗ്രൂപ്പുകളില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ കുട്ടികള്‍ക്കായി നല്‍കാവൂവെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ക്ലാസ്സുകള്‍ക്ക് അനുബന്ധമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് പുറമേ രണ്ടാഴ്ചയിലൊരിക്കല്‍ അധ്യാപക വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അവലോകനയോഗങ്ങളും ചേരുന്നുണ്ട്. പഠനപിന്തുണാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്രമായ ചര്‍ച്ചകള്‍ ഈ അവലോകനയോഗങ്ങളില്‍ നടക്കാറുണ്ട്. വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ബ്ലോക്ക് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ എല്ലാ അധ്യാപക വാട്‌സാപ്പ് ഗ്രൂപ്പുകളിലും അംഗങ്ങളാണ്. പ്രിന്‍സിപ്പാള്‍ ഫോറം കണ്‍വീനര്‍, ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ എന്നിവരും ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട്. എല്ലാ അവലോകനയോഗങ്ങളിലും ഇവര്‍ പങ്കെടുക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

1 comment: