Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, August 28, 2020

ഓണ്‍ലൈന്‍ ഓണാഘോഷത്തിനൊരുങ്ങി താനൂരിലെ വിദ്യാലയങ്ങള്‍


സ്്കൂളുകള്‍ തുറക്കാത്തതിനാലും വീടിനകത്ത് കഴിയേണ്ടി വരുന്നതിനാലും മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനും ഓണ്‍ലൈന്‍ പഠനത്തോടൊപ്പം സ്വന്തം സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിലും കുട്ടികള്‍ക്ക് അവസരം ഒരുക്കാനായി വൈവിധ്യപൂര്‍ണമായ ഓണ്‍ലൈന്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ് താനൂര്‍ ഉപജില്ലയിലെ വിദ്യാലയങ്ങള്‍.

ക്ലാസ്സധ്യാപകരുടെ നേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള കുട്ടികളുടേയും രക്ഷിതാക്കളുടേയും ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വഴിയാണ് ഇത്തവണത്തെ ഓണാഘോഷം. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാനുതകുന്ന നിരവധി പരിപാടികള്‍ക്കൊപ്പം ഭാഷ, ശാസ്ത്ര, ഗണിത വിഷയങ്ങളിലുള്ള ധാരണകളും കഴിവുകളും വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനൊപ്പം ഉണ്ടാകും. 

നാടന്‍ പൂക്കളമത്സരം, ഡിജിറ്റല്‍ പൂക്കള മത്സരം, കുട്ടികളുടെ കലാപരിപാടികള്‍, രക്ഷാകര്‍ത്തൃസംഗമം, ആശംസാകാര്‍ഡ് നിര്‍മാണം, പോസ്റ്റര്‍ നിര്‍മാണം, ഷോര്‍ട്ട് ഫിലിം നിര്‍മാണം, ഓണപ്പതിപ്പ് നിര്‍മാണം, ഓണവുമായി ബന്ധപ്പെട്ട അന്വേഷണ പ്രൊക്ടുകള്‍, വിവിധ രചനാപ്രവര്‍ത്തനങ്ങള്‍, പ്രകൃതി നിരീക്ഷണം  തുടങ്ങിയ വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് ഈ ഓണക്കാലത്ത് ഓണ്‍ലൈനായി നടത്തുന്നത്. 

താനൂര്‍ ബി.ആര്‍.സിക്ക് കീഴില്‍ രൂപം കൊണ്ടിട്ടുള്ള അധ്യാപക വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഓണാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ക്ലാസ്സിലേയും കുട്ടികളുടെ പ്രായത്തിനും നിലവാരത്തിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്‌കൂള്‍ എസ്.ആര്‍.ജി യോഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അന്തിമരൂപം നല്‍കിവരുന്നു. സെപ്തംബര്‍ 28  മുതലുള്ള ഒരാഴ്ചക്കാലം കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക.

No comments:

Post a Comment